സുന്ദരമായ പല്ലുകൾ കാണിച്ചുകൊണ്ടുള്ള പുഞ്ചിരിക്ക് ഏഴഴകാണ്. ഒപ്പം, അത് ആത്മവിശ്വാസം കൂട്ടുകയും ചെയ്യും. ആധുനികലോകത്തിൽ പല്ലിന്റെ ആരോഗ്യത്തിന് നാം കൊടുക്കുന്ന പ്രാധാന്യം വലുതാണ്. പലരുടെയും ഉറക്കംകെടുത്തുന്ന ഒന്നാണ് പല്ലുവേദന. പല്ലിന് എന്തെങ്കിലും കേടുകളോ തകരാറുകളോ ഇല്ലാത്തവർ ഇന്നു ചുരുക്കമാണ്. പോട് എന്നു നമ്മൾ സാധാരണയായി പറയുന്നത് പല്ലിൽ ബാക്ടീരിയകളുടെയും ഭക്ഷണാവശിഷ്ടങ്ങളുടെയും പ്രതിപ്രവർത്തനം മൂലം പല്ല് ദ്രവിക്കുന്ന അവസ്ഥയെയാണ്. ഇതിന്റെ വലുപ്പം പൊതുവെ പുറമെനിന്ന് കാണാൻ കഴിയുന്നതിലും കൂടുതലാവാം. പല്ലിന്റെ ദ്രവിച്ച ഭാഗം പൂർണമായും നീക്കി വൃത്തിയാക്കിയതിനുശേഷമേ ‘പോട്’ അടക്കാൻ പാടുള്ളൂ. അതിനായി ഉള്ളിലുള്ള ദ്രവിച്ച ഭാഗങ്ങൾ ഡോക്ടർ നീക്കം ചെയ്യും. ഇതിനുള്ളിലെ ഫില്ലിങ് നീണ്ട കാലം നിൽക്കുന്നതിനായി ചില നിശ്ചിത അളവുകളിലാണ് ഈ ഭാഗം (ക്യാവിറ്റി ) രൂപപ്പെടുത്തി എടുക്കുന്നത്. പല്ലിന്റെ ആരോഗ്യമുള്ള ഭാഗങ്ങളെ കഴിയാവുന്നിടത്തോളം നിലനിർത്തിക്കൊണ്ടാണ് ഇതു ചെയ്യുന്നത്.
Read More in Madhyanam